ഖഷബ ദാദാസാഹേബ് ജാദവ്

ഖഷബ ജാദവ്
Kd-jadhav.jpeg
ജനനം 1926 ജനുവരി 15(1926-01-15)
മഹാരാഷ്ട്ര, ഇന്ത്യ
മരണം 1984 ഓഗസ്റ്റ് 14(1984-08-14) (പ്രായം 58)
ദേശീയത  India
തൊഴിൽ ഗുസ്തി
പ്രശസ്തി 1952 ലെ വേനൽക്കാല ഒളിമ്പിക്സിൽ, പുരുഷന്മാരുടെ ഗുസ്തിയിൽ വെങ്കല മെഡൽ
മതം ഹിന്ദു

ഒരു ഭാരതീയ കായികതാരമാണ് ഖഷബ ദാദാസാഹേബ് ജാദവ് (ജനനം- ജനുവരി 15, 1926 – മരണം- ഓഗസ്റ്റ് 14, 1984). ആദ്യമായി ഒളിമ്പിക്സിൽ വ്യക്തഗത ഇനത്തിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടിയ കായിക താരമെന്ന ബഹുമതിയും ജാദവിനുള്ളതാണ്. 1952 ൽ ഫിൻലൻഡിലെ ഹെൽസിങ്കിയിൽ വച്ചു നടന്ന വേനൽക്കാല ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഗുസ്തി മത്സരത്തിൽ ഇദ്ദേഹത്തിനു വെങ്കല മെഡൽ ലഭിച്ചു.[1]

ഖഷബക്കു മുമ്പ്, ഹോക്കിയൽ ടീം ഇനത്തിൽ മാത്രമേ ഒളിമ്പിക്സ് മെഡൽ ലഭിച്ചിട്ടുള്ളു. പത്മ പുരസ്കാരം ലഭിച്ചിട്ടില്ലാത്ത ഏക ഒളിമ്പിക്സ് മെഡൽ ജേതാവും, ഖഷബയാണ്. ഇദ്ദേഹം പോക്കറ്റ് ഡൈനാമോ എന്ന പേരിൽ കായികലോകത്തു അറിയപ്പെട്ടിരുന്നു.

ആദ്യകാല ജീവിതം

മഹാരാഷ്ട്രയിലെ സത്താറയിലുള്ള ഗോലേശ്വർ എന്ന ചെറിയ ഗ്രാമത്തിലാണു ഖഷബ ജനിച്ചത്. പിതാവ് ദാദാസാഹേബ് ജാദവ് അറിയപ്പെടുന്ന ഒരു ഗുസ്തിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ അവസാനത്തെ ആളായിരുന്നു ഖഷബ. തന്റെ എട്ടാമത്തെ വയസ്സിൽ ഖഷബ ഗ്രാമത്തിലെ ഗുസ്തി ചാമ്പ്യനെ വെറും രണ്ടു മിനുട്ടുകൊണ്ടു പരാജയപ്പെടുത്തി. കരാട് ജില്ലയിലെ തിലക് സ്കൂളിലായിരുന്നു ഖഷബയുടെ പ്രാഥമിക വിദ്യാഭ്യാസം. ഗുസ്തി ജീവശ്വാസമായ ഒരു ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും.

കായിക ജീവിതം

ഗുസ്തി പരിശീലകൻ കൂടിയായ പിതാവ് ദാദാസാഹേബ് ഖഷബയെ അഞ്ചാമത്തെ വയസ്സു മുതൽ ഗുസ്തി പരിശീലിപ്പിക്കാൻ തുടങ്ങിയിരുന്നു. പഠനത്തിലും മിടുക്കനായിരുന്നു ഖഷബ. 1948 ലെ ലണ്ടൻ ഒളിമ്പിക്സിൽ ഫ്ലൈവെയിറ്റ് ഇനത്തിൽ ഖഷബ ആറാമനായിരുന്നു.[2] അത്രയും ഉയർന്ന സ്ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു ഖഷബ. അടുത്ത നാലുവർഷക്കാലം, ഹെൽസിങ്കി ഒളിമ്പിക്സ് മുന്നിൽ കണ്ട് ജാദവ് കടുത്ത പരിശീലനത്തിലായിരുന്നു. ഹെൽസിങ്കി ഒളിമ്പിക്സിൽ 57 കിലോഗ്രാം വിഭാഗത്തിലാണു ഖഷബ മത്സരിച്ചതു. 27 രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ ഈ വിഭാഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. മെക്സിക്കോ, ജർമ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള കായികതാരങ്ങളേയാണ് സെമി-ഫൈനലിനു മുമ്പ് ഖഷബ പരാജയപ്പെടുത്തിയത്. 57 കിലോഗ്രാം വിഭാഗത്തിൽ ഖഷബ വെങ്കല മെഡൽ നേടി. വ്യക്തിഗത ഇനത്തിൽ ഒരു ഇന്ത്യാക്കാരൻ നേടുന്ന ആദ്യ ഒളിമ്പിക്സ് മെഡൽ ആയിരുന്നു അത്.[3]

അവലംബം

  1. "Khashaba Jadhav: Forgotten story of India’s first individual Olympic medallist". The Indian Express. 2016-07-31. ശേഖരിച്ചത് 2016-08-15. 
  2. "India wrestling in 1948 london olympics". sports-reference.com. ശേഖരിച്ചത് 2016-08-16. 
  3. "Khashaba Dadasaheb Jadhav: A forgotten hero". The Hindu. 2016-07-23. ശേഖരിച്ചത് 2016-08-16. 
"https://ml.wikipedia.org/w/index.php?title=ഖഷബ_ദാദാസാഹേബ്_ജാദവ്&oldid=2383783" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.